Pages

Thursday 19 July 2012

ഓര്‍മ്മകളില്‍ ..... തഞ്ചാവൂര്‍ .

     ( ഇത് ഒരു യാത്രാവിവരണം മാത്രമാണ്. എന്റെ ഒരു ചെറിയ യാത്ര, അത്രമാത്രം. ഇതില്‍ ചരിത്രമോ പുരണമോ ഇതിഹാസമോ ഒന്നുമില്ല, ഇതിനെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ നെറ്റില്‍ പരതിക്കൊള്ളുമല്ലോ ..)


      വാസ്തവത്തില്‍ ഞാന്‍ തഞ്ചാവൂര്‍ പോകണം എന്ന് ഉദ്ദേശിച്ചു യാത്ര പുറപ്പെട്ടതല്ല... കുംഭകോണത്തെ നവഗ്രഹ ക്ഷേത്രങ്ങളില്‍ ശനീശ്വരനെ കാണണം എന്നു കുറച്ചു നാള്‍ ആയുള്ള ആഗ്രഹം ആണ്. അങ്ങോട്ടു പോകാം എന്നുമനസ്സില്‍  കരുതി.അതിനു കാരണവും ഉണ്ട് . എന്റെ ഗ്രഹനിലയില്‍ അടുത്തത് ശനി ആണ്. അത് ഏകദേശം പത്തു പതിനെട്ടു കൊല്ലം ഉണ്ടുതാനും. "കണ്ടകശനി കൊണ്ടേ പോകു" എന്നല്ലേ പ്രമാണം... ഏതായാലും ശനീശ്വര്നെ കണ്ടു ഒന്നു മണിയടിക്കാം, ഒപ്പം ഒരു യാത്രയും ആകുമല്ലോ എന്നുകരുതി ..   ആദ്യം മധുര,പിന്നെ ട്രിച്ചി, അതിനുശേഷം......
     വൈകിട്ട് 6.10 നു കൊല്ലത്തുനിന്നും ഒരു മധുര പാസഞ്ചര്‍ ഉണ്ട് . എന്നെത്തേതും പോലെ ടിക്കറ്റ്‌ എടുത്തു ഒരു സൈഡ് സീറ്റ്‌ നോക്കി ഇരുന്നു. യാത്ര പലപ്പോഴും നേരത്തെ പ്ലാന്‍ ചെയ്യാത്തത് കൊണ്ട് ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ തന്നെയാകും മിക്കവാറും യാത്രകള്‍ ..അതിനും ഒരു പ്രത്യേക രസം തന്നെയാണ്... രാത്രി ഭക്ഷണം സ്റ്റേഷനില്‍ നിന്നും വാങ്ങി വച്ചു, അല്ലെങ്കില്‍ മിക്കവാറും പട്ടിണിയാകും ..തിരുവനന്തപുരത്തുനിന്നും രാത്രി ഭക്ഷണം കിട്ടാന്‍ പ്രയാസം ആണ്..കിട്ടിയാല്‍ കിട്ടി അത്രതന്നെ. അല്ലെങ്കില്‍ പിന്നെ നാഗര്‍കോവില്‍ എത്തണം, അപ്പോഴേക്കും മണി പത്തര കഴിയും. വണ്ടി തിരുവന്തപുരം കഴിഞ്ഞു നെയ്യാറ്റിന്‍കരഎത്തിക്കാണും ഭാര്യയുടെ ഫോണ്‍ വന്നു... ശബ്ദം കേട്ടപ്പോഴേ മനസിലായി നല്ല പന്തി അല്ലന്നു.. പാവം അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആരായാലും ദേഷ്യപ്പെടുന്ന പ്രവര്‍ത്തികളാണ് ഞാന്‍ മിക്കവാറും അവളോട്‌ ചെയ്യുക. ഇന്ന് യാതപോകുന്ന വിവരം അവളോട്‌ ഞാന്‍ പറഞ്ഞിരുന്നില്ല.അവള്‍ ജോലികഴിഞ്ഞു വീട്ടില്‍ വരുന്നതിനു മുന്‍പുതന്നെ ഞാന്‍ അമ്മയോട് പറഞ്ഞിട്ട് ബാഗും തൂക്കി ഇറങ്ങിയതാണ്. പിന്നെ അവള്‍ക്കു എങ്ങനെ ദേഷ്യം വരാതിരിക്കും..?
     തിരുവനന്തപുരം വരെ യാത്ര സുഖം ആണ്. യാത്രക്കാര്‍ വളരെകുറവ്‌.., അതുകഴിഞ്ഞാല്‍ പിന്നെ ട്രെയിന യാത്ര കുറച്ചു പ്രയാസം ആണ്. നാഗര്‍കോവില്‍ കഴിഞ്ഞാല്‍ പിന്നെ തിരക്കോടുതിരക്ക്. മൂത്രംഒഴിക്കുകയോ മറ്റൊവേണമെങ്കില്‍ നേരത്തെ ആക്കിയാല്‍ അത്രയും നല്ലത്. ഏതായാലും ട്രെയിന്‍ യാത്രയെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല... ബോറടിപ്പിക്കുന്നതിനും ഇല്ലേ ഒരു അതിര് ?.
      സാധാരണയായി 5.30 നു എത്തേണ്ട ട്രെയിന്‍ മധുര എത്തിയപ്പോള്‍ 6.15. ഇനി തൃച്ചിയിലേക്കാണ് പോകേണ്ടത്‌, എന്തുചെയ്യാം ചെന്നൈക്ക് പോകുന്ന വൈഗ എക്സ്പ്രസ് സമയം തെറ്റിയത് കൊണ്ട് കിട്ടിയില്ല. അതുപോകുന്നത് എനിക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ ... ഇനി ഇവിടെ നിന്നിട്ട് കാര്യം ഇല്ലല്ലോ..സ്റ്റേഷന്‍നില്‍തന്നെ പല്ലൊക്കെ തേച്ചു ഒരു ചായയും അടിച്ചു പുറത്തിങ്ങി. ഇനി ബസ്‌ തന്നെ ശരണം. (മധുരയില്‍ മൂന്നു ബസ്‌ സ്റ്റാന്‍ഡഉണ്ട് . ദീര്‍ഘദൂര ബസ്‌ എല്ലാം മാട്ടുത്താവണി യില്‍ നിന്നാണ് പുറപ്പെടുക. മാട്ടുത്താവണിയിലേക്ക് പോകുന്ന ബസുകള്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്ളില്‍ വരും.നമ്മള്‍ റോഡില്‍ പോലും ഇറങ്ങേണ്ട.) ആദ്യം കിട്ടിയ ബസില്‍ തന്നെ ഞാന്‍ മാട്ടുത്താവണിയില്‍ ഇറങ്ങി. ത്രിചിക്ക് പോകുന്ന ബസുകള്‍ അവിടെ നിരയായി കിടപ്പുണ്ട്. കൊഞ്ചം കൊഞ്ചം തമിള്‍ വായിക്കാന്‍ അറിയാവുന്നതുകൊണ്ടു പരസഹായം വേണ്ടി വന്നില്ല...  മധുര കോര്‍പ്പറേഷന്‍ വിട്ടാല്‍ പിന്നെ അധികം തിരക്കില്ല. വളരെ നല്ല റോഡുകള്‍ , ബസ്‌ യാത്ര നമുക്ക് ഒരിക്കലും ഒരു പ്രയാസം ആയി തോന്നില്ല... രാവിലെ ആയതുകൊണ്ടാക്കം ബസില്‍ സിനിമ ഒന്നും ഇല്ലായിരുന്നു. ജയലളിത വന്നതിനു ശേഷം ബസില്‍ മിക്കവാറുംഅവരുടെ  പഴയ പാടുകള്‍ ആണ് . എന്തോ, എനിക്കത് ബോര്‍ ആയി തോന്നിയില്ല. പുറം കാഴ്ചകള്‍ നോക്കി ഇരുന്നു. എന്നാലുംഇടയ്ക്കു ഷട്ടര്‍ ഇടെണ്ടിവന്നു.കാരണം മറ്റൊന്നല്ല , അവിടെ ബാല സൂര്യന് ചൂട് അല്പം കൂടുതല്‍ ആണ്. 9.45 ആയപ്പോഴേക്കും ബസ്‌ തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി.. എന്തൊരു തിരക്ക്......

ഇവിടെയും പലവഴിക്കും പോകുന്ന ബുസ്കളുടെ നിരതന്നെ ഉണ്ട്. ഇതിനെ കേരളത്തിലെ പ്രധാന നഗരങ്ങളിലെ ബസ്‌ സ്റ്റാന്‍ഡകളും ആയി ഇതിനെ തട്ടിച്ചു നോക്കാന്‍ കഴിയില്ല. യാത്രകൂലിയും വളരെ കുറവാണു.

 അടുത്തുള്ള ഒരു ലോഡ്ജില്‍ മുറി എടുത്തു. ഹോട്ടല്‍ രാജസുഖം. രാജകീയ സുഖം ഒന്നും ഇല്ലെങ്കിലും മോശം അല്ല. ഒന്ന് കുളിച്ചു ഫ്രഷ്‌ ആയി. തമിഴരുടെ ദേശിയ ഭക്ഷണം ആയ ഇഡ്ഡലി കഴിച്ചു. (ബില്‍ കണ്ടാല്‍ ഞെട്ടും.തമിഴ്നാട്ടില്‍ പൊതുവേ നല്ല ഭക്ഷണത്തിന് നല്ല വിലയാണ്. പ്രത്യേകിച്ചും പഴവര്‍ഗങ്ങള്‍ . തമിഴ്നാട്ടില്‍ നിന്നും വരുന്ന പഴങ്ങള്‍ക്ക് കേരളത്തില്‍ നിന്നും വാങ്ങുന്നതാണ് ലാഭം. ഇനി ലാഭത്തിനു കിട്ടുന്ന സ്ഥലങ്ങള്‍ ഉണ്ടാകാം , അതിനെക്കുറിച്ച് എനിക്കറിയില്ല.) ഇന്നലെ രാത്രി മുഴുവന്‍ ട്രെയിനില്‍ ആയിരുന്നല്ലോ. ഒട്ടും ഉറങ്ങിയില്ല..ഒന്ന് മയങ്ങിയാതെ ഉള്ളു. സുഖം ആയി കിടന്നുറങ്ങി.ഉണര്‍ന്നപ്പോള്‍ മണി നാലാകാന്‍ പോകുന്നു.എഴുനെല്‍ക്കാന്‍ തോന്നിയില്ല. കുറച്ചുകൂടി കിടന്നു.എന്തോ ഊണ് കഴിക്കാത്തത്തിന്റെ വിശപ്പ്‌ തോന്നിച്ചില്ല. വീണ്ടും കുറെ നേരം T.V കണ്ടു കിടന്നു. ഇങ്ങനെ ഒന്ന് ഫ്രീ ആയി കിടന്നുറങ്ങിയിട്ട് എത്ര നാള്‍ ആയി.. ആരുടേയും ശല്യം ഇല്ല.സുഖം. ഇന്നിനി എവിടെയും പോകാന്‍ സമയം ഇല്ല. ശ്രീരംഗം പോയാലും ഇനി വലിയ തിരക്കായിരിക്കും.  വൈകിട്ട് അല്പം കട്ടിയായി തന്നെ ഭക്ഷണം കഴിച്ചു ടൌണ്‍ ചുറ്റാന്‍ ഇറങ്ങി.  തൃച്ചി സിറ്റി നടന്നു കാണാന്‍ പറ്റിയതല്ല.വേറൊന്നും കൊണ്ടല്ല, നടന്നാല്‍ തീരില്ല അത്ര വലുതാണ്..

       ഇവിടുത്തെ കടകള്‍ക്കൊക്കെ ഒരു പ്രത്യേകത ഉണ്ട്. ഏതെങ്കിലും ഒരു പ്രത്യേക തരം സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ആകും ഒരു നിര മുഴുവന്‍ . കണ്ണടകള്‍ വില്‍ക്കുന്ന തെരുവില്‍ നിറയെ കണ്ണട കടകള്‍ മാത്രം. ഒരു പത്തിരുപത്തഞ്ചു ചെറുതും വലുതുമായ കണ്ണടകടകള്‍ നിരന്നു നില്‍ക്കുന്നത് എനിക്ക് ശരിക്കും അമ്പരപ്പുണ്ടാക്കി. മിക്ക തെരുവുകളിലെയും കടകള്‍ ഇതുപോലെ തന്നെയാണ്.  വെറുതെ കുറച്ചു സമയം അവിടെ ഒക്കെ കറങ്ങി നടന്നു. പിന്നെ ഒരു ബസില്‍ കയറി ഛത്രം ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി. ഇത് അവിടുത്തെ ഒരു പ്രധാന ജങ്ങ്ഷന്‍ ആണ്. പ്രധാനപ്പെട്ട എല്ലാ വലിയ കടകളും ബിസിനസ്സും ഇവിടെയാണ്. കേരളത്തിലെ മിക്കവാറും എല്ലാ  വലിയ കടകളുടെയും ഷോ റൂം ഇവിടയൂണ്ട്.  ആലുക്കാസ്‌ , ഭീമ, കല്യാണ്‍ തുടങ്ങി  എല്ലാ ഭീമന്‍ മാരും ഇവിടെയും ഉണ്ട്. പിന്നെ തമിഴരുടെ വേറെയും. തുണിക്കടകളില്‍ ഒക്കെ വെറുതെ കയറി വായിനോക്കി നടന്നു. പോതീസില്‍ കയറിയപ്പോള്‍ അവര്‍ റവ കൊണ്ടുണ്ടാക്കിയ  ഒരു കുറുകിയ സാധനം കഴിക്കാന്‍ തന്നു. ഏതായാലും സാധനം കൊള്ളാം. അവിടെ ദിവസവും വൈകുന്നേരം ഇതുപോലെ എന്തെങ്കിലും കഴിക്കാന്‍ കൊടുക്കും എന്ന് തോന്നുന്നു. പക്ഷെ ഒരു കാര്യം  - സാധനങ്ങള്‍ക്കൊക്കെ നല്ല വിലയാണ്. 
     ഇവിടെയാണ് തിരുചിരപ്പളി യിലെ പ്രധാനപ്പെട്ട Rock Fort Temple ഉള്ളത്. ഇവിടുത്തുകാര്‍ ഇതിനെ  മലൈകോട്ട എന്നാണ് വിളിക്കുക. തികച്ചും സമതലമായ ഈ സിറ്റിയുടെ ഒത്ത നടുക്കായി ഒരു കൂറ്റന്‍ കരിങ്കല്‍ മല. ആ മലക്ക് മുകളിനാണ് ക്ഷേത്രം.

      ഇന്നിനി ഇതിനു മുകളില്‍ വലിഞ്ഞു കയറാന്‍ വയ്യ. മാത്രമല്ല സമയം ഒരുപാടായി. ചിലപ്പോള്‍ അങ്ങു മുകളില്‍ കയറുമ്പോള്‍ നട അടച്ചാല്‍ അതും വെറുതെ ആകുമല്ലോ എന്നോര്‍ത്ത് ഈ രാത്രി മലൈകോട്ടഇല്‍ കയറാന്‍ നോക്കിയില്ല. കുറച്ചു നേരം കൂടി അവിടം ആകെ കറങ്ങി നടന്നു. ആ ഗലിയില്‍ എന്തു തിരക്കാനന്നോ...?ഇവിടുത്തെ ഒരു പ്രത്യേകത വലിയ വലിയ  സ്വര്‍ണക്കടകള്‍ മുതല്‍ മലക്കറിക്കടകള്‍ വരെ ഇവിടെ ഉണ്ട്. എല്ലാ കടകളിലും തിരക്ക് തന്നെ. മിക്കവരും ഈ നാടുകാര്‍ തന്നെ. ഈ ആള്‍ക്കാര്‍ക്കൊക്കെ ഇത്രയും പൈസ എവിടുന്നാണ്...?
      രാത്രി ഒന്‍പതു മണി കഴിഞ്ഞു. ഞാന്‍ തിരകെ എന്റെ മുറിയില്‍ വന്നു. വരുന്ന വഴിക്ക് ഒരു സ്റ്റാളില്‍ നിന്നും അര കിലോ മാങ്ങാ വാങ്ങി. രാത്രി അത് കഴിച്ചു. നല്ല മധുരം. ഇവിടെ എന്റെ ലോഡ്ജിനു താഴെ സെന്‍ട്രല്‍ ബസ്‌ സ്റ്റാന്‍ഡില്‍ രാത്രിയും അനൌണ്‍സ്മെന്റ് തുടരുകയാണ്. ഞാന്‍ കുറെ നേരം ബാല്‍കനിയില്‍നിന്നും ബസ്‌ സ്റ്റാന്റ് നോക്കി നിന്നു. ഒരു വല്ലാത്ത അനുഭവം ആണ്.
പതിനൊന്നു മണി ആയിട്ടും. തിരക്കു തന്നെ. ഇപ്പോള്‍ ദീര്‍ഖദൂര വാഹങ്ങള്‍ ആണ് പോകുന്നത്. ചെന്നൈയിലേക്കും പിന്നെ മറ്റു അയല്‍ സംസ്ഥാനങ്ങളിലെക്കും രാത്രി ഇവിടെ നിന്നും ബസ്‌ ഉണ്ട്. പക്ഷെ കൊല്ലത്തേക്ക് നേരിട്ട് ബസ്‌ ഇല്ല.  രാത്രി ഉള്ള ചെങ്കോട്ട ബസ്‌ ഇല്‍ കയറി തെങ്കാശിയില്‍ ഇറങ്ങിയാല്‍ ധാരാളം കൊല്ലം ബസ്‌ കിട്ടും. ഞാന്‍ ഇങ്ങനെ തിരിച്ചു വരണം എന്നാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.  ഒന്ന് ഉറങ്ങട്ടെ. ബാക്കി ഒക്കെ നാളെ. നാളെ രാവിലെ തഞ്ചാവൂര്‍ പോകണം. സമയം കൃത്യമായി ഞാന്‍ പറയുന്നില്ല. കാരണം ഞാന്‍ ഉണരുന്നതാണ്  എന്റെ സമയം.
    രാവിലെ ഉണര്‍ന്നപ്പോള്‍ 8.30 കഴിഞ്ഞു. പിന്നെ കുളിച്ചു മുറിപൂട്ടി പുറത്തു  വന്നപ്പോള്‍ 9.15. ആഹാരം കഴിക്കണം, സാധാരണയായി നാട്ടില്‍ ഞാന്‍ ഇഡലി കഴിക്കാറില്ല, എന്നാലും പുറത്തുപോയാല്‍ മിക്കപ്പോഴും എന്റെ പ്രധാന ഭക്ഷണം ഇഡലിയാണ് . ഒരു നാലഞ്ചു ഇഡലിയും തട്ടി ഒരു കുപ്പിവെള്ളവും വാങ്ങി സെന്‍ട്രല്‍ ബസ്‌ സ്റ്റാന്‍ഡില്‍ വന്നു. തഞ്ചാവൂര്‍ ബസ്‌ എന്നെ തിരക്കി നില്‍ക്കുന്നതുപോലെ അവിടെ കിടക്കുന്നു. ബസില്‍ കയറിനോക്കി,സൈഡ് സീറ്റ് ഒന്നും ഇല്ല, ഇറങ്ങി അടുത്ത ബസില്‍ കയറി ഇരുന്നു. ഓടി തഞ്ചാവൂര്‍ ചെന്നിട്ടു പ്രതേകിച്ചു കാര്യം ഒന്നും ഇല്ലല്ലോ..., വായനക്കാരായ നിങ്ങള്‍ വേറൊന്നും കരുതരുത്, എന്റെ സ്വഭാവം അങ്ങനെ ആയിപോയി. അലസത നന്നല്ല, മടിയന്‍ മലചുമക്കും എന്നൊന്നും അറിയാഞ്ഞിട്ടും അനുഭവിക്കാതിരുന്നിട്ടും അല്ല. എന്തോ ഞാന്‍ അങ്ങനെ ആയിപ്പോയി..
     തിരുച്ചിറപ്പള്ളിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് തഞ്ചാവൂര്‍ . ഏകദേശം കൊല്ലം തിരുവനന്തപുരം തമ്മിലുള്ള അകലം. പക്ഷെ ബസില്‍ അതിന്റെ പകുതി സമയവും പൈസയും തന്നെ ആകുള്ളൂ . നല്ല വിശാലമായ റോഡ്‌ , സുഖമായി പുറം കാഴ്ചകള്‍ കണ്ടിരിക്കാം. സിറ്റി വിട്ടുകഴിഞ്ഞാല്‍ വിജനമായ പ്രദേശങ്ങള്‍ ആണ്. പിന്നെ ഉള്ളത് ധാരാളം എഞ്ചിനിയറിംഗ് കോളേജുകള്‍ ആണ്.  നമ്മുടെ മലയാളി കുട്ടികള്‍ ഇവിടെ ധാരാളം ഉണ്ട്. ധാരാളം ഫാക്ടറികളും ഈ വഴിയില്‍ കാണാം. തഞ്ചാവൂര്‍ തമിഴ്‌നാടിന്റെ 'അന്ന പാത്രം' ആണെങ്കിലും ഈ വഴിയില്‍ കൃഷിയിടങ്ങള്‍ വളരെ കുറവാണു.
     തഞ്ചാവൂര്‍ എത്തിചേരാറായി, അതാ തമിഴ് യുനിവേര്സിറ്റി. തികച്ചും ഒരു ക്ലാസ്സിക്‌ ഭാഷയ്ക്ക്‌ അനുയോജ്യമായ നിര്‍മാണരീതി. പുറമേ നിന്നു കാണാനേ എനിക്കു കഴിഞ്ഞുള്ളൂ.. നിറയെ മരങ്ങളും ശില്പങ്ങളും ഒക്കെ നിറഞ്ഞ, ഏക്കറുകളോളം വിശാലമായ തമിഴ് യുനിവേര്സിറ്റി. സ്വന്തം വാഹനത്തില്‍ വരുന്നവര്‍ തീര്‍ച്ചയായും ഇവിടെ ഇറങ്ങണം.. കഴിയുമെങ്കില്‍ യുനിവേര്സിറ്റിയെ ക്കുറിച്ച് കൂടുതല്‍ അറിയുകയും വേണം. ബസ്‌ തഞ്ചാവൂര്‍ എത്തി. ഇവടെ രണ്ടു ബസ്‌ സ്റ്റാന്റ് ഉണ്ട്. പുതിയതും പഴയതും. എനിക്കു തോന്നുന്നത് ദീര്‍ഖദൂര ബസുകള്‍ പുതിയ സ്റ്റാന്‍ഡില്‍ ആണ് വരുന്നത് . ഞാന്‍ ഇവിടെ ഇറങ്ങി.. ഇനി ടൌണില്‍ പോകണം എങ്കില്‍ വേറെ ബസില്‍ കയറണം. വളരെ വിശാലമാണ് ഈ ബസ്‌ സ്റ്റാന്റ്.  വല്ലാത്ത ചൂടാണ്. പിഞ്ചു വെള്ളരികളും ആയി  തമിഴ് സ്ത്രീകള്‍ ബസില്‍ വരുന്നവരെ വളയുകയാണ്..

   

     ഇനി ഇവിടെ നിന്നിട്ടു കാര്യമില്ല, ബ്രഹ്ദീശ്വര്‍ ടെമ്പിള്‍  അതായതു തമിഴന്റെ "പെരുംകൊയില്‍ " എത്തണമെങ്കില്‍ ഇവിടെനിന്നും അടുത്ത ബസ്‌ പിടിക്കണം. പുതു ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും പഴയ സ്റ്റാന്‍ഡില്‍ പോകുന്ന വഴിക്കാണ് ക്ഷേത്രം. അങ്ങോട്ടുപോകാന്‍ എപ്പോഴും ബസ്‌ ഉണ്ട്.. തിരക്ക് അല്പം കൂടുതല്‍ ആണന്നു മാത്രം.. ആദ്യം കിട്ടിയ ബസില്‍ തന്നെ കയറി, അറിയവന്ന തമിഴ് ഒക്കെ പറഞ്ഞു ഞാന്‍ ടിക്കറ്റ്‌ എടുത്തു..  അടുത്തു നിന്ന ആളിനോട് ക്ഷേത്രം ആകുമ്പോള്‍ എന്നോട് പറയണേ എന്ന് പറയാനും മറന്നില്ല.. പക്ഷെ അയാള്‍ക്ക്‌ എന്നോടു പറഞ്ഞുതരേണ്ടി വന്നില്ല...ദൂരെനിന്നുതന്നെ ഞാന്‍ ആ താഴികക്കുടം കണ്ടു.. ആ കാഴ്ച എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല.. ഞാന്‍ എത്രനാള്‍ ആയി കാണാന്‍ കാത്തിരുന്ന, കാണാന്‍ കൊതിച്ചിരുന്ന.... ആ ദൃശ്യഭംഗി...
     ബസ്‌ നിര്‍ത്തിയതും ഞാന്‍ ഇറങ്ങി നടന്നു.. കാവേരിയുടെ ഒരു കൈവഴി ആണന്നു തോന്നുന്നു ക്ഷേത്രത്തെ മുട്ടി ഒഴുകുന്നുണ്ട്..വെള്ളം വളരെ കുറവാണു..  കോവിലിനു മുന്‍പില്‍ വഴിവാണിഭം പൊടിപൊടിക്കുന്നു.. കൂട്ടം കൂട്ടമായി വരുന്ന സഞ്ചാരികളെ അവര്‍ പൊതിയുകയാണ്.. എന്തോ , ഒറ്റക്കായതിനാലും കണ്ടിട്ട് ഒരു ലുക്ക്‌ ഇല്ലാഞ്ഞതുംകൊണ്ടാകാം ആരും എന്റെ അടുത്തു വന്നില്ല..
     വടക്കേ ഇന്ത്യയില്‍ കാണുന്ന കോട്ടകള്‍ പോലെ കോവിലിനു ചുറ്റും വലിയ കിടങ്ങുണ്ട്. പണ്ടുകാലത്ത് ഈ കിടങ്ങില്‍ നിറയെ മുതലകള്‍ ആയിരുന്നത്രേ..ഇപ്പോള്‍ മുതല പോയിട്ട് ഒരു തുള്ളി വെള്ളം പോലും ഇല്ല.


     കിടങ്ങിനു മുന്നിലെ ആദ്യ കവാടം കടന്നാല്‍ മുന്നില്‍ വീണ്ടും ഒരു വലിയ കവാടം. ഇവിടെ ക്ഷേത്രത്തിന്‍റെ വിവരങള്‍ അടങ്ങിയ ഒരു സ്കെച്ച് വച്ചിട്ടുണ്ട്.. നമുക്ക് ഒരുവിധം വേണ്ട വിവരങ്ങള്‍ അവിടെ നിന്നും കിട്ടും. രണ്ടാമത്തെ കവാടവും കടന്നു ഞാന്‍ അകത്തുചെന്നു... "ദൈവമേ.... ഞാന്‍ എന്താണ് ഈ കാണുന്നത്.." ..  ഇവിടെ ആദ്യമായി വരുന്ന ആരും ഇങ്ങനെ പറഞ്ഞുപോകും... ഞാന്‍ ഇതിനു മുന്‍പുതന്നെ കൊവിലിന്റെ എത്രയോ ചിത്രങ്ങള്‍ കണ്ടിരിക്കുന്നു.ഇതിനെക്കുറിച്ച് വായിച്ചിരിക്കുന്നു..എന്നിട്ടും ഞാന്‍ അറിയാതെ ഇതിനു മുന്‍പില്‍ ശിരസുനമിചു.   അതാണ്‌,.. അതാണ്‌ ഈ പെരും കോയില്‍ ...കരികല്ലുകള്‍ കഥപറയുന്ന പെരും കോയില്‍ ... ഒന്‍പതാം നൂറ്റാണ്ടില്‍ രാജരാജ ചോളന്‍ പണികഴിപ്പിച്ചു എന്ന് പറയപ്പെടുന്ന ഈ മഹാ ക്ഷേതം .  പിരമിഡിന്റെ ആകൃതിയില്‍ പണികഴിപ്പിച്ച ക്ഷേത്രവും, അതിനുള്ളിലെ ഭീമാകാരമായ ശിവലിംഗവും ഒന്നു കാണേണ്ടത് തന്നെ.. ഇന്നത്തെ ചോര്‍ന്നൊലിക്കുന്ന എന്‍ജിനിയരിംഗ് വൈദധ്യത്തിനു മുന്നില്‍ അക്കാലത്തെ പാവപ്പെട്ട ശില്പികളെയും തൊഴിലാളികളെയും പൂവിട്ടു പൂജിക്കണം..

      ഉച്ച വെയിലിന്‍റെ ചൂട് അല്പം കഠിനം തന്നെ.. അകത്തു നടക്കുവനായി ചാക്കിന്റെ വിരികള്‍ നിരത്തിയിട്ടുണ്ടെങ്കിലും കാലുപൊള്ളാതെ തരമില്ല..ഇവിടെ ശിവ വാഹനമായ നന്ദിയുടെ എത്ര രൂപങ്ങള്‍ ഉണ്ടെന്നു എണ്ണിനോക്കാന്‍ പ്രയാസം ആണ്.. കോട്ടമതിലിനു ചുറ്റും ചെറിയ ചെറിയ നന്ദിയുടെ നൂറില്‍പരം പ്രതിമകള്‍ ഉണ്ട്. ഇതിനു പുറമേ ഭീമാകാരമായ ഒരു കറുത്ത നന്ദിയും


  രാമേശ്വരത്തെ നന്ദി മാത്രമേ ഉള്ളു എന്ന് തോന്നുന്നു വെളുത്തതായിട്ട് , ഈ നന്ദിക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ നാം എത്ര ചെറുതാണ്., അല്ലെങ്കിലും ഈ പെരും കൊയിലിനു മുന്നില്‍ നാമെല്ലാം നിഷ്പ്രഭം. ഇവിടെ നമ്മുടെ അഹംകാരത്തിനു പുല്ലുവില. ക്ഷേത്രത്തിനുള്ളിലെ ചില ഉപദേവതകളെ നേരിട്ടു കാണണമെങ്കില്‍ നമുക്ക് കോവണിയുടെ സഹായം വേണം..



     ക്ഷേത്രം മുറ്റം വിട്ടുകഴിഞ്ഞാല്‍ കൊട്ടമതിലിനു ചുറ്റും വിശാലമായ ഇടനാഴിആണു. അവിടെ പലരും വിശ്രമിക്കുന്നു. ചിലര്‍ കൂടമായി ആ തണലില്‍ ആഹാരം കഴിക്കുന്നു.. എന്നാല്‍ ഈ ഇടനാഴിയുടെ ചില ഇടുങ്ങിയതും വമ്പന്‍ കല്‍ത്തൂണുകളുടെ മറവിലും ധാരാളം കമിതാകളെയും കാണാം.അതില്‍ അധികവും വിദ്യാര്‍ത്ഥികള്‍ തന്നെ. അവര്‍ അവരുടെ വഴിക്ക് പോകട്ടെ , പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം..?
      എന്നാല്‍ ഈ ഇടനാഴിയില്‍ തന്നെ നിരവധി ശിവലിംഗങ്ങളും പഴയ രഥത്തിന്റെ അവശിഷ്ടങ്ങളും ഒക്കെ കാണാം. അവിടെ പലവലിപ്പതിലുള്ള പലതരത്തിലുള്ള ശിവലിംഗങ്ങള്‍ ഒറ്റക്കും കൂട്ടമായും കാണാം.  ഈ ശിവലിംഗങ്ങള്‍ ആദ്യമായി കാണുന്ന ഒരാള്‍ക്കു അമ്പരപ്പുണ്ടാക്കും , അത് തീര്‍ച്ചയാണ്.










Thursday 5 July 2012

നിഷ്കളങ്കതേ...... നിന്‍റെ പേരോ ബാല്യം ?


 

Jalakam

ജാലകം